Business
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ തങ്ങളുടെ 799 രൂപയുടെ പ്ലാൻ നിർത്തലാക്കുകയും, 859 രൂപയുടെ പ്ലാനിന്റെ വില 899 രൂപയായി വർധിപ്പിക്കുകയും ചെയ്തു.
നേരത്തെ 799 രൂപയുടെ പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയും 859 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകിയിരുന്നത്; യഥാക്രമം പ്രതിദിനം 1.5 ജിബി, 2 ജിബി ഡാറ്റയും ഇവയിൽ ലഭ്യമായിരുന്നു.
ഇപ്പോൾ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഒന്നുകിൽ 899 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കണം, അല്ലെങ്കിൽ 1029 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ തെരഞ്ഞെടുക്കാം.
പുതിയ 899 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും. ഇതിൽ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. എന്നാൽ മുൻപുണ്ടായിരുന്ന 859 രൂപയുടെ പ്ലാനിൽ ഇതിനോടൊപ്പം ’RewardsMini’ സബ്സ്ക്രിപ്ഷനും (പ്രതിമാസം 80 രൂപ ക്യാഷ്ബാക്ക്) സൗജന്യമായി ലഭിച്ചിരുന്നു.
അതേസമയം, ഇപ്പോൾ നിർത്തലാക്കിയ 799 രൂപയുടെ പ്ലാനിൽ 77 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്. കൂടാതെ ഇന്ത്യയിലുടനീളം അണ്ലിമിറ്റഡ് കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസും ഈ പ്ലാനിലുണ്ടായിരുന്നു.
Business
ന്യൂയോർക്ക്: ഇന്ത്യയിൽനിന്നുള്ള സോളാർ ഉത്പന്നങ്ങൾക്ക് 126 ശതമാനം പ്രാഥമിക തീരുവ ഏർപ്പെടുത്തി യുഎസ്. ഇന്ത്യ സോളാർ മേഖലയ്ക്ക് അന്യായമായ രീതിയിൽ സബ്സിഡികൾ നല്കുന്നുണ്ടെന്നും ഇത് യുഎസിലെ നിർമാതാക്കളേക്കാൾ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വിൽക്കാൻ സഹായിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് വാണിജ്യവകുപ്പിന്റെ ഈ നടപടി.
ഇന്തോനേഷ്യ, ലാവോസ് രാജ്യങ്ങൾക്കും സമാനമായ തീരുവ ചുമത്തിയിട്ടുണ്ട്. ഇന്തോനേഷ്യക്ക് 86 മുതൽ 143 ശതമാനം വരെയും ലാവോസിന് 81 ശതമാനവുമാണ് പ്രാഥമിക തീരുവ നിശ്ചയിച്ചിരിക്കുന്നത്. വിദേശ കയറ്റുമതിക്കാർ യുഎസിലെ ആഭ്യന്തര സോളാർ ഉത്പന്നങ്ങളുടെ വില കുറച്ച് വിപണി പിടിച്ചെടുക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
യുഎസിലെ വാണിജ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സോളാർ നിർമാണത്തിന് വൻതോതിൽ ആനുകൂല്യം നൽകുന്നുണ്ടെന്ന് കണ്ടെത്തി. ഈ ആനുകൂല്യങ്ങൾ വഴി ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ സോളാർ ഉത്പന്നങ്ങളുടെ നിർമാതാക്കൾക്ക് അവരുടെ ഉത്പന്നങ്ങൾ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വില നിശ്ചയിക്കാൻ സഹായിക്കുന്നു. ഇത് യുഎസിലെ ആഭ്യന്തര സോളാർ നിർമാതാക്കൾക്ക് ദോഷം ചെയ്യുന്നുവെന്നും യുഎസ് അധികൃതർ കണ്ടെത്തി.
അമേരിക്കൻ സോളാർ ഉത്പാദനമേഖലയെ സംരക്ഷിക്കുന്നതിന് കൃത്യമായ അന്വേഷണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി അലയൻസ് ഫോർ അമേരിക്കൻ സോളാർ മാനുഫാക്ചറിംഗ് ആൻഡ് ട്രേഡ് എന്നു യുഎസ് സോളാർ കൂട്ടായ്മ വാണിജ്യവകുപ്പിനു പരാതി നൽകിയിരുന്നു. വിദേശരാജ്യങ്ങൾ സോളാർ മേഖലയിൽ നല്കുന്ന സബ്സിഡി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
യുഎസ് സോളാർ വിപണിയിൽ ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്കും വലിയ സ്വാധീനമുണ്ട്. 2025-ന്റെ ആദ്യപകുതിയിലെ കണക്കനുസരിച്ച് യുഎസിലേക്കുള്ള സോളാർ മോഡ്യൂൾ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽനിന്നായിരുന്നു. നേരത്തെ അമേരിക്കൻ വിപണിയിൽ ഭൂരിഭാഗം വിഹിതമുണ്ടായിരുന്ന നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് (കംബോഡിയ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം) മേൽ യുഎസ് കടുത്ത നികുതി ചുമത്തിയതിനെത്തുടർന്ന് പല നിർമാതാക്കളും പാനൽ വാങ്ങുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങളിലേക്കു മാറ്റിയിരുന്നു.
2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യയിൽനിന്നുള്ള സോളാർ ഇറക്കുമതി ഒന്പത് മടങ്ങ് വർധിച്ച് 792.6 മില്യൺ ഡോളറിലെത്തി.
ഇന്ത്യക്കുമേലുള്ള ആഘാതം
നിലവിൽ ചുമത്തിയിരിക്കുന്ന ഉയർന്ന തീരുവനിരക്കുകൾ ഇന്ത്യൻ സോളാർ പാനൽ നിർമാതാക്കൾക്ക് യുഎസ് വിപണി അപ്രാപ്യമാക്കുമെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ കൗണ്ടർവെയ്ലിംഗ് നികുതി ഇന്ത്യയിൽ നിർമിച്ച സോളാർ സെല്ലുകൾക്കു മാത്രമാണ് ബാധകം. ഇറക്കുമതി ചെയ്ത സെല്ലുകൾ ഉപയോഗിച്ച് അസംബിൾ ചെയ്യുന്ന പാനലുകൾക്ക് ഇത് ബാധകമല്ല.
അമേരിക്ക നികുതി ചുമത്തിയിരിക്കുന്നത് സോളാർ സെല്ലുകൾ നിർമിച്ച രാജ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാനലുകൾ അസംബിൾ ചെയ്ത രാജ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും വാരി എനർജീസ് സിഎംഡി ഹിതേഷ് ദോഷി പറഞ്ഞു. ഭൂരിഭാഗം ഇന്ത്യൻ കന്പനികളും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിൽനിന്ന് സെല്ലുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ പാനലുകൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നതിനാൽ, യുഎസ് തീരുമാനത്തിന്റെ ആഘാതം പരിമിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സോളാർ ഇറക്കുമതിയുടെ നാലു ശതമാനം മാത്രമാണ് ഇന്ത്യൻ നിർമിത സെല്ലുകൾ ഉപയോഗിച്ചുള്ള പാനലുകൾ. 600-1000 മെഗാവാട്ട് കയറ്റുമതിയെ മാത്രമേ ഈ നികുതി ബാധിക്കൂ.
International
വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി.
വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി.
ഒൻപത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ താത്പര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഉയർന്ന താരിഫ് ചുമത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. അതേസമയം ഇങ്ങനെ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനിർമാണത്തിലൂടെ യുഎസ് കോണ്ഗ്രസിനു മാത്രമാണ് ഈ അധികാരം ഭരണഘടന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
International
വാഷിംഗ്ടൺ ഡിസി: ആണവചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ തീരുവയും ഉപരോധവും വർധിപ്പിച്ച് അമേരിക്ക. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ വർധിപ്പിക്കുന്ന ഉത്തരവ് പ്രസിഡന്റ ്ട്രംപ് പുറപ്പെടുവിച്ചു.
ഇറേനിയൻ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളാണ് നടപടി നേരിടുക. തീരുവ എത്ര ശതമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 25 ശതമാനം ആയിരിക്കുമെന്ന് അദ്ദേഹം മുന്പ് സൂചിപ്പിച്ചിരുന്നു.
ഇറേനിയൻ ഭരണകൂടത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ തടയുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനു പുറമേ ഇറാനെതിരായ ഉപരോധം വർധിപ്പിക്കുന്നതായും അമേരിക്ക അറിയിച്ചു. ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന 15 സ്ഥാപനങ്ങൾ, 14 ടാങ്കർ കപ്പലുകൾ എന്നിവയ്ക്കെതിരേയാണ് ഉപരോധങ്ങൾ.
National
ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.
നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ മോഹത്തിന് എതിരു നിൽക്കുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതിച്ചുങ്കം ചുമത്തേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ ഒരു യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഏതൊക്കെ രാജ്യങ്ങളായിരിക്കും നടപടി നേരിടേണ്ടിവരുകയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്ക പിടിച്ചെടുക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.
ഇതിനിടെ ട്രംപിന്റെ നീക്കങ്ങളിൽ അമേരിക്കയിലെ ഒരു വിഭാഗം ജനപ്രതിനികൾക്കും എതിർപ്പുണ്ട്. കഴിഞ്ഞദിവസം 11 അംഗ കോൺഗ്രസ് സമിതി ഗ്രീൻലാൻഡ് സന്ദർശിച്ചു. ട്രംപിന്റെ നീക്കങ്ങളോടുള്ള എതിർപ്പും ഗ്രീൻലാൻഡിനുള്ള പിന്തുണയും സമിതി അറിയിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും സമതിയിലുണ്ടായിരുന്നു.
ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എന്നിവരുമായി സമിതി ചർച്ച നടത്തി.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്റെ നിയമസാധുത സംബന്ധിച്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാതെ യുഎസ് സുപ്രീം കോടതി.
കേസിൽ മൂന്ന് വിധികൾ പുറപ്പെടുവിച്ച കോടതി അന്തിമ വിധി പറഞ്ഞില്ല. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.
ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്റേത്.
Business
ന്യൂഡൽഹി: നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനായി സ്റ്റീൽ ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അടുത്ത മൂന്നു വർഷത്തേക്കാണ് തീരുവ ഏർപ്പെടുത്തിയത്. സുരക്ഷ തീരുവ എന്നറിയപ്പെടുന്ന ലെവി ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5, മൂന്നാം വർഷം 11 എന്നീ നിരക്കിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചൈനയിൽ നിന്നാണ് പ്രധാനമായും നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്തേക്കു വരുന്നത്. ചൈന, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കു ലെവി ബാധകമായിരിക്കും. എന്നാൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമല്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
നിലവാരമില്ലാത്തതും കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളും ആഭ്യന്തര ഉരുക്കു വ്യവസായത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. 200 ദിവസത്തേക്ക് 12 ശതമാനം താത്കാലിക തീരുവ ഏപ്രിലിൽ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
ഇറക്കുമതി അനിയന്ത്രിതമായി പെരുകിയതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് റെമഡീസ് തീരുവ മൂന്നു വർഷത്തേക്കു നീട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കുനിർമാതാക്കളാണ് ചൈന. 2024-ൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഉരുക്കുകയറ്റുമതിയാണ് ചൈന നടത്തിയത്. 100 മില്യൺ ടൺ സ്റ്റീൽ കയറ്റുമതിയാണ് 2024-ൽ ചൈന നടത്തിയത്.
International
മെക്സിക്കോ സിറ്റി: ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി. മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിന്റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.
International
വാഷിംഗ്ടൺ ഡിസി: വ്യാപാരനയങ്ങൾ തിരിഞ്ഞുകൊത്തിയപ്പോൾ വീണ്ടുവിചാരമുണ്ടായ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇരുനൂറോളം ഭക്ഷ്യ ഉത്പന്നങ്ങളെ ഇറക്കുമതിച്ചുങ്കത്തിൽനിന്ന് ഒഴിവാക്കി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. മാട്ടിറച്ചി, കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ ഈ നടപടിക്ക് ട്രംപ് നിർബന്ധിതനാവുകയായിരുന്നു.
വാണിജ്യപങ്കാളികൾക്ക് ചുമത്തുന്ന ഇറക്കുമതിച്ചുങ്കങ്ങൾ അമേരിക്കൻ ജനതയെ ബാധിക്കില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് പല വസ്തുക്കളുടെയും വില കുതിച്ചുയർന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 2.7 ശതമാനം വർധിച്ചുവെന്നാണ് സെപ്റ്റംബറിലെ കണക്ക്. പ്രധാന ഭക്ഷ്യവസ്തുവായ മാട്ടിറച്ചിയുടെ വില മാത്രം 13 ശതമാനം ഉയർന്നു; വാഴപ്പഴത്തിന്റെ വില ഏഴു ശതമാനവും.
ആവശ്യത്തിന് അഭ്യന്തര ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കളെയാണ് ഇറക്കുമതിച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഈ വസ്തുക്കളുടെ പട്ടിക വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.
വിവിധ തരം മാട്ടിറച്ചി ഉത്പന്നങ്ങൾ, കോഫി, കട്ടൻചായ, ബ്ലാക് റ്റീ, ഗ്രീൻ ടീ, വാഴപ്പഴം, തേങ്ങ, ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ മുതലായവ; ഏലക്കാ, ഗ്രാന്പൂ, കറുവാപ്പട്ട, ജാതിക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ, വളം മുതലായവയ്ക്കും ഇളവുണ്ട്.
വിലക്കയറ്റം വ്യാപാരനയത്തിൽ പുനരാലോചനയ്ക്ക് ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ചുങ്കം ചുമത്തുന്നതു മൂലമുള്ള വിലവർധന വ്യാപാരികൾ വഹിക്കാതെ ജനങ്ങളിലേക്കു കൈമാറുമെന്ന് സാന്പത്തിക വിദഗ്ധർ നേരത്തേതന്നെ ട്രംപിനു മുന്നറിയിപ്പു നല്കിയിരുന്നതാണ്. അതേസമയം, ഭക്ഷ്യേതര വസ്തുക്കളെ സമീപഭാവിയിൽ ചുങ്കത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയുമായി ‘നീതിപൂർവമായ ഒരു വ്യാപാരക്കരാർ’ഉണ്ടാക്കുന്ന തലത്തിലേക്ക് തങ്ങൾ അടുത്തുകഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ താരിഫ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പതിവുരീതിയിൽ അതിശയോക്തി കലർത്തിയുള്ള സംഭാഷണമായിരുന്നോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. “മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ചൊരു കരാർ ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുകയാണ്.
എല്ലാവർക്കും ഗുണമുള്ള ഡീൽ ആയിരിക്കും അത്. ഇപ്പോൾ അവർ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ഭാവിയിൽ വീണ്ടും സ്നേഹിക്കും’’, ഓവൽ ഓഫീസിൽ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചൊല്ലുന്ന ചടങ്ങിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തിയത്.ഒരു ഘട്ടമെത്തുന്പോൾ അതു കുറയ്ക്കുകതന്നെ ചെയ്യും. തീരുവകളില്ലെങ്കിൽ യുഎസിന്റെ അവസ്ഥ മുൻകാലങ്ങളിലേതു പോലെ കുഴപ്പത്തിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
NRI
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ശക്തമായ വിമർശനം നടത്തി യുഎസ് സുപ്രീംകോടതി. വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യുഎസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനുമാണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യുഎസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിന്റെ വാദം. കേസിൽ ഇപ്പോഴും കോടതിയിൽ വാദം തുടരുകയാണ്.
നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.
സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.
International
വാഷിംഗ്ടൺ ഡിസി: കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി യുഎസ്. ശനിയാഴ്ചയാണ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചത്. നേരത്തെ ചുമത്തിയ തീരുവക്ക് പുറമേയാണിതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വസ്തുതകളെ ഗുരുതര തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ കാനഡക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില് പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്.
എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഈ പരസ്യം പുറത്ത് വന്നതിന് പിന്നാലെയാണ് കാനഡക്കെതിരായ നടപടികൾ ട്രംപ് ശക്തമാക്കിയത്.
International
വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് ആവർത്തിച്ചു.
എന്നാൽ ട്രംപും മോദിയും തമ്മിൽ ഇക്കാര്യത്തിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന.
റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റിൽ നിലവിൽ വരികയും ചെയ്തു.
National
ന്യൂഡല്ഹി: യുഎസ് ചുമത്തിയ ഉയര്ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന് പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്.
സാഹചര്യം ഉടന് മാറുമെന്നു പറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന് കഴിയില്ലെന്നും സര്ക്കാര് അവര്ക്കൊപ്പം നില്ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല് യുഎസ് ഏര്പ്പെടുത്തിയ 50 ശതമാനം താരിഫുകള് ബാധിച്ച വ്യവസായങ്ങള്ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന് വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാന് പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന് കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള് പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാക്കേജിന്റെ വിശദാംശങ്ങള് അവര് വെളിപ്പെടുത്തിയില്ല. റഷ്യയില്നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
International
വാഷിംഗ്ടണ് ഡിസി: താരിഫ് വിഷയത്തില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള് നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല് കോടതി വിലയിരുത്തി.
താരിഫ് ചുമത്താന് പ്രസിഡന്റിനു നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല് അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല് കോടതി ശരിവയ്ക്കുകയായിരുന്നു. അപ്പീല് നല്കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര് പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.